ലോകസിനിമയുടെ പ്രദക്ഷിണവഴികളിലൂടെ : ഫിലിം സൊസൈറ്റികളും ഞാനും

വിജയകൃഷ്ണൻ 
   1965 ൽ അടൂര ഗോപാലകൃഷ്ണൻ സമാനഹൃദയരുമൊത്ത്  കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിക്ക്  രൂപം നൽകുമ്പോൾ ഞാൻ സത്യജിത് റായിയെന്നോ ബെർഗ്മാനെന്നോ കേട്ടിട്ടുണ്ടായിരുന്നില്ല.അതുവരെ ഞാൻ കണ്ടത് ഒറ്റക്കൈവിരലിൽ എണ്ണി തീർക്കാവുന്ന ചിത്രങ്ങളായിരുന്നു.അവയൊക്കെ പുണ്യപുരാണ ചിത്രങ്ങളുമായിരുന്നു .സീതാരാമാകല്യാണം ,ഭക്തകുചേല,ശബരിമല ശ്രീ അയ്യപ്പൻ ….അങ്ങനെ.സിനിമ കാണുന്നത് സ്വഭാവ ദൂഷ്യമായി കാണുന്ന ഒരു കുടുംബമായിരുന്നു എന്റേത്.രസകരമായ ഒരു കാര്യം എന്നെ ആദ്യം സിനിമയ്ക്ക് കൊണ്ടുപോയത് ഏറ്റവും വലിയ സിനിമാവിരോധിയായ അച്ഛനായിരുന്നു എന്നതാണ്.നാലാം ക്ലാസ് അവധിക്കാലത്ത്‌ അച്ഛനോടൊപ്പം അച്ഛന്റെ ജോലിസ്ഥലമായ കോഴിക്കോട്ട് പോയതായിരുന്നു ഞാൻ.ഒരു ദിവസം അച്ഛൻ നീ സിനിമ കണ്ടിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചു .ഇല്ല എന്ന് പറഞ്ഞപ്പോൾ എന്നാൽ ഒരു സിനിമ കാണാം എന്ന് പറഞ്ഞു എന്നെ കൂട്ടിക്കൊണ്ടു പോയി.അന്ന് കണ്ട സിനിമയാണ് ‘സീതാരാമകല്യാണം’.ജീവിതത്തിൽ കണ്ട ആദ്യത്തെ സിനിമ.ഒരാഴ്ച കഴിഞ്ഞപ്പോൾ മറ്റൊരദ്ഭുതമുണ്ടായി .രണ്ടാമതും അച്ഛനെന്നെ ഒരു സിനിമയ്ക്ക് കൊണ്ടുപോയി.അത് ഒരു ബംഗാളി സിനിമയായിരുന്നു.സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള സിനിമയായതുകൊണ്ടാണ് അച്ഛനും സുഹൃത്തുക്കളും അത് കാണാൻ പോയത്.ഒരു പ്രത്യേക പ്രദർശനമായിരുന്നു അത്.വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് ,അന്ന് ഞാൻ കണ്ടത് അക്കൊല്ലം ദേശീയ അവാർഡ്‌ നേടിയ അജയ് കറിന്റെ ‘ഭഗിനി നിവേദിത’ആയിരുന്നു എന്ന്.പത്താം ക്ലാസ് വരെ പുരാണചിത്രങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ എന്ന് ഞാൻ പറയുമ്പോൾ അതിൽ ഇങ്ങനെയൊരു അപവാദം ഉണ്ടായിരുന്നു !
        നാട്ടിൻപുറത്ത് നിന്ന് തിരുവനന്തപുരത്ത് കോളേജിലെത്തിയതോടെ കൈവന്ന സ്വാതന്ത്ര്യം ഞാനാഘോഷിച്ചത് സിനിമകൾ കണ്ടുകൊണ്ടാണ്.
ക്ലാസ്സുകൾ കട്ട് ചെയ്ത് ഉച്ചയ്ക്‌ മുൻപ് പബ്ലിക് ലൈബ്രറിയിലും ഉച്ചയ്ക്ക് ശേഷം സിനിമാ തീയെറ്ററിലും പോകും.അങ്ങനെ മലയാളസിനിമകൾ ഒരുപാട് കണ്ടു.പക്ഷേ ,ഓരോ സിനിമ കാണുമ്പോഴും ‘നേതി നേതി’എന്ന് ഉള്ളിൽ നിന്ന് ഒരു ആമന്ത്രണമുയരും .ഇതല്ല,ഇതല്ല,എനിക്ക് കാണേണ്ട സിനിമ.അങ്ങനെ തമിഴ് സിനിമകളിലേക്കു പോയി.അവയും തഥൈവ.പിന്നെ ഹിന്ദി സിനിമ.ഇല്ല.എനിക്ക് വേണ്ടതല്ല അതും.അപ്പോഴാണ്‌ തിരുവനന്തപുരത്ത് അജന്ത എന്നൊരു തിയേറ്റർ ഉദ്ഘാടനം ചെയ്യുന്നത്.അവരുടെ ഉദ്ഘാടന ചിത്രം ‘സൌണ്‍ഡ  ഓഫ് മ്യൂസിക് ‘ ആയിരുന്നു.അത് കണ്ടു.കുഴപ്പമില്ല എന്ന് തോന്നി.എങ്കിലും എന്റെ സങ്കല്പ്പത്തിലെ സിനിമകലെവിടെ?അപ്പോഴാണ്‌ ചിത്രലേഖയെക്കുറിച്ചു കേൾക്കുന്നത് .ലോകസിനിമകളാണവർകാട്ടുന്നത്.ഞാൻ കാണാൻ തപസ്സിരിക്കുന്ന ചിത്രങ്ങൾ.പക്ഷേ വരിസംഖ്യ കൊടുത്ത് അംഗത്വമെദുക്കണം .എന്റെ കൈയിൽ പണമില്ല.എങ്കിലും ഒരു ദിവസം ചിത്രലേഖയുടെ സിനിമയുണ്ടെന്നറിഞ്ഞ്  പോയി.ടാഗോർ തീയേറ്ററിന്റെ മുൻപിൽ ചെന്ന് നോക്കി.പാസ്സുകൾ പരിശോധിച്ച് അകത്തുകയറ്റി വിടുന്നതുകണ്ടു .എന്റെ കൈയിൽ പാസ്സില്ല.പാസ്സെടുക്കാൻ പണവുമില്ല.ഞാൻ മെല്ലെ തിരികെ നടന്നു.അക്കാലത്ത് യൂണിവേര്സിറ്റി കോളേജിലെ ഞങ്ങളുടെ കൂട്ടായ്മ ‘സംഗമം’എന്ന പേരിൽ രണ്ടു വര്ഷം ഒരു കാമ്പസ് പ്രസിദ്ധീകരണം നടത്തിയിരുന്നു.ഞാൻ ഒറ്റയ്ക്ക് ‘പോരാട്ടം’,കുരുക്ഷേത്രം’എന്നീ പേരുകളിൽ ഒരു മാസികയും നടത്തിയിരുന്നു.ഞാൻ ചിത്രലേഖയിൽ പോയി പട്ടി ചന്തയ്ക്ക് പോയി വരുന്നതുപോലെ തിരിച്ചെത്തിയ  ആ സമയത്ത് 
സംഗമം കൂട്ടായ്മയിൽ ഒരാളൊഴികെ മറ്റെല്ലാവരും തിരുവനന്തപുരം വിട്ടിരുന്നു.ബാലചന്ദ്രൻ ബറോഡയിൽ പഠിക്കാൻ പോയി.റഷീദ് അലിഗഡിൽ…ചന്ദ്രൻ മാത്രം തിരുവനന്തപുരത്തവശേഷിച്ചു .അന്ന് ദു:ഖിതനായി തല താഴ്ത്തിയിരുന്ന എന്റെ അടുത്തെത്തി ചന്ദ്രൻ കാരണമന്വേഷിച്ചു.ഫിലിം സൊസൈറ്റി പ്രദര്ശനത്തിന് അകത്തുകടക്കാൻ കഴിഞ്ഞില്ല എന്നതാണ് എന്റെ പ്രശ്നമെന്ന് മനസ്സിലായപ്പോൾ അയാൾ പറഞ്ഞു:എന്നാൽ പിന്നെ നമുക്ക് സ്വന്തമായി ഒരു ഫിലിം സൊസൈറ്റി തുടങ്ങിക്കളയാം.ഞാൻ ചന്ദ്രനെ അമ്പരന്നു നോക്കി.ചന്ദ്രൻ ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതുതന്നെ എന്നെനിക്കറിയാം.ഏതു പടം കാണിക്കാമെന്നു പറയൂ.അത് നമുക്ക് കാണിക്കാം.ആയിടെ കൈയിൽ കിട്ടിയ ഒരു കൽക്കത്ത വിതരണക്കാരന്റെ വിലാസത്തിൽ അവരുടെ പ്രധാന സിനിമകളുടെ ലിസ്റ്റയചു തരാൻ ഞാനെഴുതി. അവർ അയച്ചു തന്ന ലിസ്റ്റിൽ മൃണാൾ സെന്നിന്റെ ഒരു പടത്തിന്റെ പേര് കണ്ടു.ആവേശത്തോടെ ആ പടമയച്ചു തരാൻ അവര്ക്കെഴുതി.’ആകാശ് കുസും’-അതായിരുന്നു പടത്തിന്റെ പേര്.അങ്ങനെ തിരുവനന്തപുരത്താദ്യമായി ഒരു മൃണാൾ സെൻ ചിത്രം ഞങ്ങൾ കളിച്ചു.സത്യജിത് റായ് ചിത്രങ്ങൾ മോർണിംഗ് ഷോ ആയി കാട്ടാറുണ്ടായിരുന്ന പട്ടത്തെ കല്പന തീയേറ്ററാണ് ഞങ്ങള്ക്ക് കിട്ടിയത്.പ്രദര്ശനം ഹൌസ് ഫുൾ ആയിരുന്നു.പദ്മരാജൻ,കെ.പി.കുമാരൻ ,ശിവൻ അങ്ങനെ പല പ്രശസ്തരും സിനിമ കാണാനെത്തി.’ആകാശ് കുസു’മിന്റെ കൂടെ ഞങ്ങൾ കുമാരന്റെ ലഘു ചിത്രമായ ‘റോക്കും ‘കാണിച്ചു.സ്വാതന്ത്ര്യ രജത ജൂബിലി പ്രമാണിച്ച് ഒരവാർഡ് നേടിയ ചിത്രമായിരുന്നു അത്.
      ഈ വിജയത്തിൽ പ്രചോദിതരായി അടുത്ത പ്രദർശനത്തിനും ഞങ്ങൾ വരുത്തിയത് ഒരു മൃണാൾ സെൻ ചിത്രമായിരുന്നു.അന്ന് ഏറെ വിവാദങ്ങൾക്ക് വഴി മരുന്നിട്ട ‘കൽക്കത്ത 71 ‘.പേട്ട കാര്തികേയ തീയേറ്ററിലാണ് ആ ചിത്രം പ്രദര്ഷിപ്പിച്ചത്.അതും ഹൌസ് ഫുൾ തന്നെയായിരുന്നു.ആയിടെ മാത്രം ഇന്ത്യൻ പ്രസിടന്റിന്റെ കൈയിൽ നിന്നും സുവർണ സമ്മാനം നേടിയെത്തിയ അടൂർ ഗോപാലകൃഷ്ണൻ കേട്ടറിഞ്ഞു ആ സിനിമയ്ക്ക് വന്നുവെന്നത് ഞങ്ങളെ ആവേശം കൊള്ളിച്ച സംഭവമായിരുന്നു.
     ഇതിന്നിടെ ‘സംഗമം’എന്ന പേരിൽത്തന്നെ മറ്റൊരു സോവനീറും ഞങ്ങൾ പ്രസിദ്ധം ചെയ്തിരുന്നു.അങ്ങനെ രണ്ടു പ്രദർശനങ്ങളും ഒരു സോവനീറും കഴിഞ്ഞ ഈ ഘട്ടത്തിലാണ് ഇതിന്റെയൊക്കെ സാമ്പത്തിക ബാധ്യതകൾ എന്തുമാത്രമുണ്ടെന്നു ചന്ദ്രൻ പറയുന്നത്.എല്ലാം അവസാനിപ്പിച്ച് ജീവിതമാര്ഗം തേടി ചന്ദ്രൻ കൽക്കത്തയിലേക്ക് പോയി.അതോടെ ‘സംഗമ’ത്തിന് തിരശീല വീണു.ഏറ്റവും അടുത്ത സന്ദർഭത്തിൽ ഞാൻ ചിത്രലേഖയിൽ പോയി അംഗത്വമെടുത്തു .അവിടെ നിന്നങ്ങോട്ട്‌ ചിത്രലേഖയോടോപ്പമായി എന്റെ ചലച്ചിത്രയാത്ർ.1976 ല് ‘ദേശാഭിമാനി’യിൽ സ്ഥിരം പംക്തിയായി സിനിമ എഴുതാൻ തുടങ്ങിയപ്പോൾ ഞാൻ പരാമർശിച്ച പടങ്ങളിൽ 90 ശതമാനവും ചിത്രലേഖയിൽ കണ്ടവയായിരുന്നു.
       എഴുപതുകളുടെ അന്ത്യപാദവും എൻപതുകളുമാണ്  ഫിലിം സൊസൈറ്റികളോടൊപ്പം ഞാൻ അനുയാത്ര നടത്തിയ വർഷങ്ങൾ.പ്രഭാഷകനായും പുസ്തകവില്പ്പനക്കാരനായും സിനിമാവിതരണക്കാരനായും ഞാൻ സൊസൈറ്റികളോടൊപ്പ മുണ്ടായിരുന്നു.
‘സ്വയംവരം’പുറത്തുവന്നതിനെ തുടർന്ന് ഉരുത്തിരിഞ്ഞു വന്ന ചലച്ചിത്ര കാലാവസ്ഥയിൽ ലോകസിനിമയെക്കുറിച്ചറിയാൻ ആകാംക്ഷയുള്ള ധാരാളം ചെറുപ്പക്കാർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു .അവര്ക്ക് വേണ്ടിയായിരുന്നു എന്റെ യാത്രകൾ.കാര്യമായി പണമൊന്നും കിട്ടാറില്ല.യാത്രാച്ചെലവ് മാത്രം.അതും തിരുവനന്തപുരതുനിന്നുള്ളതല്ല .എവിടെ നിന്നാണോ ഞാൻ ചെല്ലുന്നത്,ആ തുക മാത്രം.എവിടെക്കാണോ പോകുന്നത്,അത് വരെയുള്ളത് മാത്രം.ഹോട്ടൽ മുറികളിളല്ല താമസം.വീടുകളിൽ .(സത്യത്തിൽ ഞാൻ താടി വളര്താനുള്ള കാരണം തന്നെ ചെറിയ സൗകര്യങ്ങൽക്കു വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്ന മനോഭാവമാണ്.)സാധാരണ കേരളമുടനീളം ഒന്നിച്ചായിരിക്കും യാത്ര പ്ലാൻ ചെയ്യുക.അങ്ങനെ തിരുവനതപുരത്ത് നിന്ന് കൊല്ലത്തെക്കായിരിക്കും ഞാൻ ആദ്യം പോവുക.കൈയിൽ കൊല്ലം വരെ പോകാനുള്ള പണം കാണും.കൊല്ലത്തുനിന്ന് കോട്ടയത്തേക്കാണ്  പോകുന്നതെങ്കിൽ കൊല്ലത്തെ സംഘാടകർ തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെയും അവിടെ നിന്ന് കോട്ടയം വരെയുമുള്ള വണ്ടിക്കൂലി തരും.അങ്ങനെ കാസര്ഗോഡ് വരെ പോകും.അതുപോലെ തന്നെ മടക്കയാത്രയും.ഒരു പ്രാവശ്യം കേരളം ചുറ്റി മടങ്ങിവന്നാൽ കുറച്ചുകാലം തിരുവനന്തപുരത്ത് തങ്ങും.വീണ്ടും പുറപ്പെടും.
        പിന്നീട് സിനിമയെപ്പറ്റിയുള്ള ലഘുലേഖകളും ചെറു പുസ്തകങ്ങളും അച്ചടിച്ചു.യാത്ര പോകുമ്പോൾ ഈ പുസ്തകങ്ങൾ കൂടെ കൊണ്ടുപോകും.യോഗസ്ഥലങ്ങളിൽ അവ വിറ്റ് അച്ചടിചെലവ് തിരിച്ചെടുക്കും.ലാഭമൊന്നുമുണ്ടാവാറില്ല.’ശ്രുതി’ എന്ന പേരിൽ 
 ഒരു പ്രസ്ഥാനം തുടങ്ങിവച്ചു.ചലച്ചിത്രത്തെ ഗൌരവത്തോടെ സമീപിക്കുന്ന ആനുകാലികം,പുസ്തകങ്ങൾ ,മികച്ച തിരക്കഥകളുടെ പ്രചരണം, ഫിലിം സൊസൈറ്റികൾക്കു വേണ്ടി ക്ലാസ്സിക് ചിത്രങ്ങളുടെ വിതരണം,പിന്നെ ചലച്ചിത്രനിർമാണം -ആസൂത്രണം ചെയ്യപ്പെട്ട കർമപദ്ധതികൾ പലതായിരുന്നു.ജാപ്പനീസ് സിനിമയെക്കുറിച്ചൊരു ലഘുലേഖ ,സിനിമാചരിത്രം പ്രസിദ്ധം ചെയ്യുന്നതിന്റെ ആദ്യഭാഗമായി ‘സിനിമ-ലൂമിയർ വരെ’എന്ന ലഘുപുസ്തകം ,അഗ്രഹാരത്തിൽ കഴുത്ത’യുടെ തിരക്കഥ,എന്റെ ആദ്യചലചിത്രപുസ്തകമായ ‘സത്യജിത് റായിയുടെ ലോകം’എന്നിവ പുറത്തുവന്നു.ശ്രുതി ഫിലിം ബുക്ക്‌ ക്ലബ് അംഗങ്ങൾക്ക് ഇവയൊക്കെ ഫിലിം സൊസൈറ്റികളിലൂടെയാണ്‌ പ്രധാനമായും വിതരണം ചെയ്യപ്പെട്ടത്.തൃശൂർ ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ഹോട്ടലിൽ ഒരു നക്സൽ പ്രവർത്തകൻ സപ്ലയറായി ജോലി നോക്കുന്നുണ്ടായിരുന്നു.ശ്രുതിപുസ്തകങ്ങളുടെ ഒരു വില്പനക്കാരനായിരുന്നു അയാൾ .തൃശൂരിൽ ബസ്സിറങ്ങിയാൽ ഞാനാ ഹോട്ടലിലേക്ക് ചെല്ലും.ഒരു നേരത്തെ ഭക്ഷണം ഉറപ്പ് .വിറ്റ പുസ്തകങ്ങളുടെ കാശും തരും.പുതിയ പുസ്തകങ്ങൾ എന്നിൽ നിന്ന് വാങ്ങും.’ചലചിത്രസമീക്ഷ’യ്ക്ക് ഒരു പ്രീപബ്ലിക്കേഷൻ പരസ്യം ചെയ്തു.പ്രതികരണം മോശമായതുകൊണ്ട് അച്ചടിക്കാൻ വഴി കാണാതെ ഞാൻ വലഞ്ഞു.അപ്പോഴാണ്‌ എസ് .ബി.ടി.യിലെ ഉദ്യോഗസ്ഥനായ ജഗന്നാഥൻ ചേറൂരിലെ ബാങ്ക് ശാഖയിൽ നിന്ന് ഒരു ലോണ്‍ തരപ്പെടുത്തിത്തന്നത്.ബാങ്ക് ലോണ്‍ കൃത്യമായി അടച്ച്ചുതീർക്കണമല്ലോ .അതിനു ‘ശ്രുതി’യുടെ വിതരണ പരിപാടി പ്രായോഗികമല്ലെന്ന് കണ്ട് ഡി.സി.കിഴക്കേമുറിയെ സമീപിച്ചു.ഡി.സി.യാണ് ‘ചലചിത്രസമീക്ഷ’വിതരണം ചെയ്തത്.മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ദേശീയ അവാർഡ്‌ അതിനു ലഭിച്ചതോടെ (1982)ചലച്ചിത്ര പുസ്തകങ്ങൾ പ്രസിദ്ധം ചെയ്യാൻ പ്രസാധകർ മുന്നോട്ടു വന്നു.
       കൂപ്പണുകളിലൂടെ പണം പിരിച്ചെടുത്ത് ഒരു സിനിമ നിര്മിക്കാനുള്ള ശ്രമവും ‘ശ്രുതി’നടത്തിയിരുന്നു.ചില സ്ഥലങ്ങളിൽ കൂപ്പണ്‍ ചെലവാകുകയും പണം ഞങ്ങളുടെ പക്കലേക്ക് വരാതിരിക്കുകയും ചെയ്തപ്പോൾ ഭാവിയിലുണ്ടാകാവുന്ന ആരോപണങ്ങളെക്കുറിച്ചോർത്തു തുടക്കത്തിലേ ഉപേക്ഷിക്കുകയായിരുന്നു ആ സംരംഭം .
        ഫിലിം സൊസൈറ്റികൾക്ക് അന്ന് സിനിമകൾ കിട്ടാൻ വലിയ പ്രയാസമായിരുന്നു.സിനിമ കിട്ടാൻ സഹായിക്കണമെന്ന് പലരും എന്നോട് ആവശ്യപ്പെട്ടു.മുൻപ്  മൃണാൾ സെന്നിന്റെ ചിത്രങ്ങൾ അയച്ചുതന്ന കൽക്കത്തയിലെ വിതരണക്കാരനുൽപ്പെടെ പലർക്കുമെഴുതി.അങ്ങനെ കിട്ടിയ ചിത്രങ്ങളും സോവെക്സ്പോര്ട്ട് ഫിലിംസിൽ നിന്ന് കിട്ടിയ ‘സൊലാരിസും ”ഗിരീഷ്‌ കര്നാടിന്റെ രണ്ടാമത്ത ചിത്രമായ’കന്നേശ്വര രാമ ‘യുമൊക്കെയാണ് ഞാൻ വിതരണം ചെയ്ത ചിത്രങ്ങൾ.ഈ വിതരണ പരിപാടി ഒടുക്കം എനിക്ക് കുറെ പ്രയാസങ്ങളുണ്ടാക്കി .ഒരിക്കൽ ഒരു സത്യജിത് റായ് ഫെസ്റ്റിവൽ ആസൂത്രണം ചെയ്തു.വടക്കേ ഇന്ത്യയിലുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ റെയിൽ ഗതാഗതം താറുമാറായത് കാരണം പടങ്ങളൊന്നും സമയത്തെത്തിയില്ല.’അതിഥി’യുടെ ഒരു പ്രിന്റ്‌ ഫിലിം സൊസൈറ്റികൾക്ക് കൊടുക്കാനായി ഞാൻ സൂക്ക്ഷിച്ചിരുന്നു.ഒരിക്കൽ ഒരു ഫിലിം സൊസൈറ്റിക്ക് പ്രദർശിപ്പിക്കാനായി പെട്ടി എടുക്കുമ്പോൾ അത് ഒട്ടിപ്പിടിക്കുന്നുണ്ടായിരുന്നു .ബലം പ്രയോഗിച്ചു തുറന്നപ്പോൾ അതിനുള്ളിൽ വെറും പൾപ്പ്  മാത്രമായിരുന്നു.           മറ്റൊരു ദുരന്തമുണ്ടായത്‌ ‘മലയ മക്ക’ളുവിന്റെ രൂപത്തിലാണ്.ഇതാണ് സംഭവം:ശിവരാമ കാരന്തിന്റെ പ്രശസ്തനോവലായ ‘ചോമന ദുഡി ‘ ബി.വി.കാരന്ത് ചലച്ചിത്രമാക്കി.അതിന് ദേശീയ അവാർഡ് ലഭിച്ചു.എല്ലാവരും ‘ചോമന ദുഡി’യെ അഭിനന്ദിചുവെങ്കിലും അത് തൃപ്തികരമായി തോന്നാത്ത ഒരാളുണ്ടായിരുന്നു.അത് ശിവരാമ കാരന്തായിരുന്നു.നോവലിൽ നിന്ന് സിനിമയിലുണ്ടായ മാറ്റം അംഗീകരിക്കാൻ അദ്ദേഹത്തിനായില്ല.സ്വന്തം നോവലിനോട് നീതി പുലർത്തിക്കൊണ്ട് ഒരു ചലച്ചിത്രാവിഷ്കരണം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അങ്ങനെ ജ്ഞാനപീഠം അവാർഡിനര്ഹമായ സ്വന്തം നോവൽ -മലയമക്കളു -അദ്ദേഹം സ്വയം സംവിധാനം ചെയ്യാനൊരുങ്ങി.ശുദ്ധഗതിക്കാരനായ ആ മഹാസാഹിത്യകാരൻ ജ്ഞാനപീഠം അവാർഡിനു ലഭിച്ച തുകയും സുഹൃത്തുക്കളിൽ നിന്ന് സമാഹരിച്ച പണവും കൊണ്ട് സിനിമ നിർമിച്ചു .കാരന്തിന്റെ സിനിമ എന്ന നിലയ്ക്ക് കേരളത്തിൽ അത് പ്രദർശിപ്പിക്കാൻ ഞാനാഗ്രഹിച്ചു.അയ്യപ്പപ്പണിക്കർ സാറിനെക്കണ്ട് ഒരു ശുപാർശക്കത്ത് വാങ്ങി അതുമായി ഞാൻ കാരന്തിനെഴുതി.മംഗലാപുരത്ത് നിന്ന് കാരന്ത് പടം കാസര്ഗോഡ് ഫിലിം സൊസൈറ്റിയിലേക്കയയ്ക്കുക ,അവിടെ നിന്ന് കണ്ണൂര്,കോഴിക്കോട് ,തൃശൂർ വഴി ഒടുക്കം തിരുവനന്തപുരത്തെത്തുക-ഇങ്ങനെയൊരു പരിപാടിയാണ് ഞാൻ നിശ്ചയിച്ചത്.ഓരോ വീക്കെൻഡിലുമാണ് പ്രദര്ശനം.ചുരുക്കത്തിൽ ഏറ്റവുമൊടുവിൽ മാത്രമാണ് ഞാൻ ചിത്രം കാണുക.കാസര്ഗോഡ് സിനിമാപ്രദർശനം കഴിഞ്ഞതും അവിടെ നിന്നും കത്തുകൾ വന്നു.ഇങ്ങനെ ഞങ്ങളെ വഞ്ചിക്കരുതായിരുന്നു എന്നാണു കത്തുകളുടെ ഉള്ളടക്കം.അടുത്ത സ്ഥലങ്ങളിൽ നിന്നൊക്കെ അതിലും രൂക്ഷമായ കത്തുകളാണ് എനിക്ക് കിട്ടിയത്.നോവൽ അദ്ധ്യായം പ്രതി പകര്ത്തി വച്ചിരിക്കുകയാണ് സിനിമയിലെന്നും അത് കൊണ്ട് തന്നെ സിനിമാനുഭവം നല്കാൻ കഴിയാത്ത അങ്ങേയറ്റം വിരസമായ ഒന്നായിപ്പോയി അതെന്നും എനിക്ക് മനസ്സിലായി.സൗഹൃദങ്ങൾ നഷ്ടപ്പെടാതിരിക്കാനും കൂടുതൽ സാമ്പത്തികനഷ്ടം ഉണ്ടാകാതിരിക്കാനും വേണ്ടി ചേർപ്പിലോ കൊടുങ്ങല്ലൂരോ എത്തിയ പടം അവിടെ നിന്ന് കാരന്തിന് മടക്കിയയയ്ക്കാൻ ഞാൻ നിര്ദേശിച്ചു.
        പ്രഭാഷണ പരിപാടികൾക്ക് നിയന്ത്രണം വരുത്താനുമുണ്ടായി ഒരനുഭവം.ഒരിക്കൽ ഇടുക്കി മേഖലയിലെ എന്റെ പര്യടനം നടക്കുകയാണ്.ഒരു രാവിലെ കുമിളിയിലെ ഫിലിം സൊസൈറ്റി യിലെ പരിപാടി കഴിഞ്ഞ് ഞാൻ കട്ടപ്പനയിലേക്ക്‌ പോയി. ഇന്നും നിലനില്ക്കുന്ന ദർശന ഫിലിം സൊസൈറ്റിയിലെ പരിപാടിക്ക് ശേഷം അവിടെത്തന്നെ തങ്ങി.വെളുപ്പിനെ തൊടുപുഴയിലേക്ക്  തിരിച്ചു.മരം കോച്ചുന്ന തണുപ്പായത് കാരണം നിത്യകർമങ്ങൽക്കൊന്നും ഒരുമ്പെടാതെ ഒരു ബസ്സിൽ കയറിപ്പറ്റുകയായിരുന്നു.തൊടുപുഴയിൽ ആതിഥെയർ ഒരു ഹോട്ടൽ മുറി ഏർപ്പാടാക്കിയിട്ടുമുണ്ട്.
         തൊടുപുഴയെത്തി .ബസ് സ്റ്റൊപ്പിലൊന്നും ഭാരവാഹികളെ കണ്ടില്ല.ഹോട്ടലിന്റെ പേരറിയാവുന്നതുകൊണ്ട് അങ്ങോട്ട്‌ ചെന്നു.അവർ കൈമലർത്തി .സെൽഫോണില്ലല്ലോ അക്കാലത്ത്.ഭാരവാഹിക്ക് ലാൻഡ്‌ നമ്പരുമില്ല.ഇനിയെന്ത് ചെയ്യും?ഹോട്ടൽ പരിസരത്ത് ചുറ്റിക്കറങ്ങി നിന്നു കുറേ നേരം.രാവിലെ പത്തു മണിക്കാണ് പരിപാടി പറഞ്ഞിരിക്കുന്നത്.അങ്ങനെയിരിക്കേ ഭാരവാഹി വന്നു.ആ ഹോട്ടലില്ല   വേറൊരിടത്താണ് മുറി ഏർപ്പാടാക്കിയിരിക്കുന്നതെന്ന്  പറഞ്ഞു.അയാളോടൊപ്പം ഞാൻ നടന്നു.നിത്യകർമങ്ങൾ നടത്താൻ ധൃതിയുന്ണ്ടെന്നു ഞാൻ പറഞ്ഞു.പോകുന്ന വഴിക്കുള്ള ഒരു വീട്ടിലേക്കു കയറിയിട്ട് അതിന്റെ പുറത്തുള്ള ടോയിലെറ്റിലേക്ക് ചൂണ്ടി ഇവിടെ കാര്യങ്ങൾ നടത്താം എന്നയാൾ പറഞ്ഞു.അത് വേണ്ട,മുറിയിൽ ചെന്നിട്ടു മതി എന്ന് പറഞ്ഞപ്പോൾ മുറി ഉച്ച കഴിഞ്ഞേ കിട്ടൂ എന്നായി.അത്യാവശ്യകത കൊണ്ട് ഞാൻ ടോയിലെട്ടിലേക്കു കയറി.കാര്യങ്ങൾ പാതി വഴിയിൽ പുരോഗമിക്കുമ്പോഴാണ് വീട്ടിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ ആക്രോശങ്ങൾ കേൾക്കുന്നത് .വഴിപോക്കന്മാർക്കെല്ലാം കയറിയിറങ്ങാനുള്ളതല്ല തന്റെ വീടെന്നാണ് അവർ പറഞ്ഞതിന്റെ സാരം.ആ വാക്കുകൾ ചെവിയിൽ വീണ പാടേ ഞാൻ ചാടിയിറങ്ങി.ഒന്നും സംഭവിക്കാത്തതുപോലെ ഭാരവാഹി അടുത്തുവന്നു.വാച്ച് നോക്കിയിട്ട് ഞാൻ അയാളോട് ചോദിച്ചു,
മണി പതിനൊന്നാകാറായല്ലോ ,പത്തിനല്ലേ പരിപാടി ?ഉച്ചയ്ക്ക് രണ്ടു മണിയിലേക്ക് മാറ്റി വച്ചു എന്നായിരുന്നു അയാളുടെ മറുപടി.
    ഒരു മലഞ്ചരക്ക് കടയിലേക്കാണ് പിന്നീട് പോയത്.’സാർ ഇവിടെയിരിക്കൂ.ഞാൻ എല്ലാം ഏർപ്പാടാക്കിയിട്ട് വരാം ‘ എന്ന് പറഞ്ഞു അയാൾ സ്ഥലം വിട്ടു.കടയിലേക്ക് കടന്ന ഞാൻ ഒന്ന് ഞെട്ടി.നിലത്ത് ഒരു നെടു നീളൻ പെരുമ്പാമ്പ്‌.അത് സ്റ്റഫ് ചെയ്തു വച്ചതാണെന്ന് ഒരു നിമിഷം കഴിഞ്ഞേ പിടി കിട്ടിയുള്ളൂ.
   അത്യാവശ്യം കുശലങ്ങളൊക്കെ കഴിഞ്ഞപ്പോൾ എനിക്കും കടക്കാരനും തമ്മിൽ പറയാൻ വിഷയമോന്നുമില്ലാതായി.സമയം കടന്നുപോകുന്തോറും എനിക്ക് അസ്വസ്ഥതയും അരിശവും പെരുകിക്കൊണ്ടിരുന്നു.അപ്പോഴാണ്‌ വളരെ നേരത്തെ ചിന്തകൾക്ക് ശേഷം എന്നോട് സംഭാഷണത്തിലേർപ്പെടണമെന്നു തീർച്ചയാക്കിയ കടക്കാരന്റെ ചോദ്യം:കല കലയ്ക്കു വേണ്ടിയാണോ ജീവിതത്തിനു വേണ്ടിയാണോ?രണ്ടായാലും എനിക്ക് വിരോധമില്ലെന്ന് ഞാൻ പറഞ്ഞു.
      ഉച്ചയൂണും കഴിഞ്ഞു ഭാരവാഹി എന്നെ ഒരു ട്യൂട്ടോറിയലിന്റെ ഹാളിലേക്ക് കൊണ്ടുപോയി.അപ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു.ഹാളിൽ ആരും ഉണ്ടായിരുന്നില്ല.ഭാരവാഹി ഉടൻ വരാമെന്ന് പറഞ്ഞു അവിടെനിന്നും പോയി.ഉദ്ദേശം ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ മടങ്ങി വന്നു.’ഇന്നിനി ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.സാർ തിരിച്ചു പോകുന്നതാണ് നല്ലത്.’ഞാനെഴുന്നേറ്റു.തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം ബസ്സിലേക്ക് കയറുമ്പോൾ ഭാരവാഹി പോക്കറ്റിലേക്ക് ഒരു കവർ  തിരുകിവച്ചു.ബസ് നീങ്ങിക്കഴിഞ്ഞ് ഞാൻ കവറെടുത്ത്‌  തുറന്നു.രണ്ട് അഞ്ചു രൂപാ നോട്ടുകളായിരുന്നു അതിൽ !
         ഫിലിം സൊസൈറ്റികൽ എനിക്ക് ഒരുപാട് ആഹ്ലാദങ്ങൾ പകര്ന്നു തന്നിട്ടുണ്ട്.പിന്നീട് ഫെഡറേഷനൊക്കെ രൂപവല്ക്കരിച്ച ശേഷം ഫിലിം സൊസൈറ്റികൽ ജന്മം തന്ന ഒരു നിരൂപകനായി മാത്രം എന്നെ കാണുകയാണോ എന്ന സംശയം എനിക്കുണ്ടായിട്ടുണ്ട്.ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അൻപതാം വാര്ഷികം എന്തായാലും ഒരു തിരിഞ്ഞു നോട്ടത്തിന് എല്ലാവരെയും പ്രേരിപ്പിക്കുന്നു.