പുരസ്കാരം

രണ്ടു പുരസ്കാരങ്ങൾ
അയാൾക്ക്‌ കിട്ടി.
രണ്ടിലുമുണ്ട്‌ പണം,ശിൽപ്പം,
പിന്നെ പ്രശംസാപത്രം.

ഒന്നാം പുരസ്കാരം വാങ്ങി
പുറത്തു വന്നപ്പോൾ
ശിൽപ്പത്തോടും പ്രശംസാപത്രത്തോടും
ഒപ്പമുണ്ടായിരുന്ന
തടിച്ച കവർ
ഭാരവാഹി പിന്നിൽ കൂടിയെത്തി
പിടിച്ചെടുത്തു.

രണ്ടാം പുരസ്കാരം വാങ്ങി
പുറത്തു വന്നപ്പോൾ
ശിൽപ്പത്തോടും പ്രശംസാപത്രത്തോടും
ഒപ്പമുണ്ടായിരുന്ന
കാലിക്കവർ
അയാൾ ഓടയിലേക്ക്‌
വലിച്ചെറിഞ്ഞു.